മുഖ്യമന്ത്രിയോട് വി.എസ് പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്, 'ഉളുപ്പ് വേണം': കെ. സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി വിഷയങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും അഭിമാനപ്രശ്‌നമില്ലാത്ത നേതാവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞെന്നും സുധാകരന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെ പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ പ്രശ്‌നങ്ങളില്‍ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ പ്രവര്‍ത്തികുകയാണ് വേണ്ടത്.

എന്നാല്‍ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്‌നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയോട് വി എസ് അച്യുതാനന്ദന്‍ പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരന്‍ പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആള്‍ക്ക് ജാമ്യം നല്‍കിയതോടെ കോണ്‍ഗ്രസ് നേരത്തെ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.