രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ; അന്വേഷണം പ്രഹസനമെന്ന് കെ. സുധാകരന്‍

വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്തത് നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പ്രഹസനമാണെന്നും വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം ഗൗരവം വര്‍ധിപ്പിക്കുന്നു. ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് അനേവഷണം വെറുതെയാണെന്നതിന് തെളിവാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല. സംഘപരിവാറിന്റെ കണ്ണിലെ കരടായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബിജെപിയുടെ പ്രീതി സമ്പാദിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ ഈ ആക്രമണത്തിലൂടെ രാഷ്ട്രീയ നേട്ടം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആണെന്ന് പകല്‍പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയ സിപിഎം ഇപ്പോള്‍ എസ്എഫ്ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്. പ്രതി പട്ടികയിലുള്ളവരെ രക്ഷിക്കാന്‍ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് സിപിഎം സംഭവത്തെ അപലപിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഐഎമ്മിന്റെ പാരമ്പര്യമാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍സോണിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുന്നതിലും സര്‍ക്കാരിന് രണ്ട് പക്ഷമാണുള്ളത്. നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇടപെടലുകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ദുരിതത്തെ സിപിഎം ചൂഷണം ചെയ്യുകയാണെന്നും സുധാകരന്‍ ആരോപിച്ചു.