ഇടതുപക്ഷത്തിന്റെ കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ മാധ്യമങ്ങളെ അവര്‍ തന്നെ വിലക്കി; കാലത്തിന്റെ കാവ്യനീതിയെന്ന് കെ. സുധാകരന്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ ഭയന്നു വിറച്ചതിന്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിന്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധര്‍മം നിങ്ങള്‍ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ LDF തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നു വന്ന് നിലനില്‍ക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകള്‍ ചമച്ച് ഇടതു നേതാക്കളെ അവര്‍ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദര്‍ധാരികളെ ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.

ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ മാധ്യമങ്ങള്‍ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുത്തവര്‍ ജനങ്ങള്‍ക്കെതിരേ മാത്രമല്ല ,നിങ്ങള്‍ക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്.

പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഇന്നലെകളില്‍ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ ഭയന്നു വിറച്ചതിന്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിന്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധര്‍മം നിങ്ങള്‍ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്.