സമരത്തെ അടിച്ചൊതുക്കുന്ന പോലീസിനെ കെ എസ് യുക്കാർ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരൻ, ‘കാക്കി ഊരിയാൽ എല്ലാവരും സാധാരണക്കാരെന്ന് ഓർക്കണം’

കെ.എസ്.യു സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ലെന്നും കെ.എസ്.യുവിനെതിരെ പൊലീസ് തിരിയുന്നത് സേനയ്ക്ക് ഗുണം ചെയ്യില്ലെന്നും കണ്ണൂർ എം പിയും കോൺഗ്രസ്സ് നേതാവുമായ കെ സുധാകരൻ. കെ എസ് യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റേയും പരീക്ഷാ ക്രമക്കേടിന്റേയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്. ഇത് വിലപ്പോവില്ല, സേനക്ക് ഇത് ഗുണകരമാവില്ല – സുധാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ്.യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. പൊലീസുകാരെ എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് കെ.എസ്.യുവിനെ അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.