കെ- റെയില്‍ തോറ്റു, കേരളം ജയിച്ചു; തൃക്കാക്കരയിലേത് പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: രമേശ് ചെന്നിത്തല

തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്നും പദ്ധതി വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍!
കെ – റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു. ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം.