കെ. റെയില്‍: 'ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്', കല്ലിടല്‍ വിലക്കി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതി പോര്‍ വിളിച്ച് നടത്താനാവില്ലെന്നും, ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കെ റെയില്‍ എന്ന് അടയാളപ്പെടുത്തിയ പദ്ധതിക്കായുള്ള കല്ലിടലിനുള്ള വിലക്ക് തുടരും. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ഈ മാസം 20 ലേക്ക് മാറ്റി.

വീടുകളിലേക്ക് ഉള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ് എന്നത് വ്യക്തമല്ല. കേന്ദം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. 20 ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണം. നീതിപീഠത്തെ ഇരുട്ടില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു.

സില്‍വര്‍ ലൈനിനായി കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ ഇതില്‍ വ്യക്തതയില്ല. കേന്ദ്രത്തിനും, റെയില്‍വേയ്ക്കും വേണ്ടി ഒരാള്‍ തന്നെ ഹാജരാകുന്നത് ശരിയല്ല. കേസില്‍ രണ്ട് വിഭാഗത്തിനും ഭിന്ന താല്‍പര്യങ്ങളാണ് ഉള്ളത്.

പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാണിച്ചിട്ട് കാര്യമില്ലെന്ന് കോടതി പറഞ്ഞു. സര്‍വേ നിയമപ്രകാരം നടത്തുന്നതിന് കോടതി എതിരല്ല. എന്നാല്‍ കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. പദ്ധതി നിയമപ്രകാരം നടത്തണം. നിയമവിരുദ്ധമായി സ്ഥാപിച്ച കല്ലുകളുടെ കാര്യം കെ റെയില്‍ അറയിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചുവെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഈ കല്ലുകള്‍ എടുത്തുമാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.