കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമം, പിണറായി സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ എന്തൊക്കെയായിരുന്നു എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചതെന്ന് വിശദീകരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

നേരത്തെ കുമ്മനം രാജശേഖരന്‍ നേമത്തെ ഗുജറാത്ത് മോഡലാക്കുമെന്ന് പറഞ്ഞപ്പോള്‍ യുഡിഎഫും, എല്‍ഡിഎഫും ഒരു പോലെ പ്രതിഷേധിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ നേമത്തെ മാത്രനല്ല കേരളം മുഴുവന്‍ ഗുജറാത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന് മോദി പിണറായി കൂടിക്കാഴ്ചയിലാണ് ഗുജറാത്ത് മോഡല്‍ ഡാഷ്്‌ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ തീരുമാച്ചത്. ചര്‍ച്ചയിലെ മറ്റ് കാര്യങ്ങളും വ്യക്തമാക്കണം. വികസനം പഠിക്കാനാണെങ്കില്‍ ഗുജറാത്തില്‍ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വര്‍ഷം തുടര്‍ന്നിട്ടില്ലെന്നും, മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ പോകുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ആക്ഷേപം ശരിയാണ്. എന്നാല്‍ അതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കും. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയില്‍ പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണന്ന് മുരളീധരന്‍ പറഞ്ഞു.