ഗവര്‍ണറെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം, രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്‍

പൗരത്വ നിയമ ഭേദഗതി ബന്ധപ്പെട്ട നിലപാടില്‍ ഗവര്‍ണറെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. ഗവര്‍ണര്‍ പരിധി വിട്ടാല്‍ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്നും രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയില്‍ ദേശരക്ഷാ ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ കടന്നാക്രമണം.

അതേ സമയം, ഗവര്‍ണര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയാല്‍ കെ.മുരളീധരനേയും പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് വടകര എംപി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.