വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് മുന്‍ എം.എല്‍.എ മോഹന്‍കുമാര്‍; മുന്നണികളില്‍ ആശങ്ക

ഉപതെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം പിടിക്കാനും നിലനിർത്താനും നടക്കുന്നത് സജീവനീക്കങ്ങളാണ്. ഏറ്റവും ശക്തമായ തൃകോണ മത്സരമാണ് നടക്കുമെന്നതിനാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സജീവ ചര്‍ച്ചകളാണ് നടക്കുന്നത്. മണ്ഡലം നിലനിര്‍ത്തേണ്ടത് യു ഡി എഫിനെ സംബന്ധിച്ചടുത്തോളം ഏറ്റവും നിര്‍ണായകമാണ്.

കെ മുരളിധരന് പകരം സഹോദരി പത്മജ വേണുഗോപാലിനെ ഇറക്കാനുള്ള നീക്കങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ്. അതിനിടയിലാണ് മണ്ഡലത്തിലെ മുന്‍ എം എല്‍ എ കൂടിയായ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാർ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ട സാഹചര്യം വരുന്നതായി മോഹൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് സാധ്യതാ പട്ടികയിൽ മോഹൻകുമാറിൻറെ പേരുമുണ്ട്.

ഇടതുക്യാമ്പിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വട്ടിയൂർക്കാവിൽ ഏറെ സ്വീകാര്യനായ ഒരു എൽ ഡി എഫ് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് സി പി എം ജില്ലാ സെക്രട്ടറ്റി ആനാവൂർ നാഗപ്പൻ പറയുന്നത്. രണ്ട് തവണ കൈവിട്ട് സീറ്റ് പിടിക്കാൻ അറ്റകൈക്ക് മേയറെ തന്നെ ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. എന്നാൽ മണ്ഡലത്തിലെ ജാതിസമവാക്യവും, പിന്നാലെ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാകും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെഎസ് സുനിൽകുമാറാണ് സിപിഎം പട്ടികയിലെ മറ്റൊരു പ്രധാന പേര്. പരിചയസമ്പന്നരെ പരിഗണിക്കുകയാണെങ്കിൽ മുൻ മന്ത്രി എം വിജയകുമാറിനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണ കൈയ്യകലത്തില്‍ നഷ്ടമായ വിജയം സ്വന്തമാക്കാന്‍ പോരാടുന്ന ബിജെപിക്യാമ്പിലും കാര്യങ്ങള്‍ സങ്കീര്‍ണമാണ്. മത്സരത്തിനില്ലെന്ന് അറിയിച്ചെങ്കിലും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ കുമ്മനം രാജശേഖരന്‍റെ പേരും ബിജെപി കോര്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍ കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ഇത് തള്ളിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ആദ്യപേരായി കുമ്മനത്തിന്‍റെ പേരാണ് കേന്ദ്ര കമ്മിറ്റിക്ക് അയക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.