ആരോഗ്യ മന്ത്രി ആയിരുന്നപ്പോൾ നിരവധി തവണ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നൽകി: പി.കെ വാര്യരെ അനുസ്‌മരിച്ച്‌ കെ.കെ ശൈലജ

 

ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍ എന്ന് കെ.കെ ശൈലജ പറഞ്ഞു.

ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ഇടപെട്ടു. വൈദ്യരത്നം പി.എസ്.വാര്യരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആയൂര്‍വേദത്തെ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിന്റെ ആരോഗ്യ മന്ത്രിയായി ഞാന്‍ പ്രവര്‍ത്തിച്ച അവസരത്തില്‍ നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഏറ്റുവാങ്ങുന്നതിനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും ധന്യനിമിഷങ്ങളായി കരുത്തുന്നു. ഗുരുതുല്യമായ വാത്സല്യത്തോട് കൂടിയാണ് ഡോ.പി.കെ.വാര്യര്‍ പെരുമാറുക. ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും അഭിനന്ദിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്കത പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ അവസരത്തില്‍ ആയൂര്‍വേദത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചത് മാഹാഭാഗ്യമായി കരുത്തുന്നു.

ഭൗതികമായി ഡോ.പി.കെ.വാര്യര്‍ നമ്മോട് വിടപറഞ്ഞുവെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച പുരോഗമന ആശയങ്ങളുടെയും ആയൂര്‍വേദം സംബന്ധിച്ച അറിവുകളുടെ വലിയ സമ്പത്ത് നമ്മോടൊപ്പം ഉണ്ട്. പുതുലതലമുറ അവയെല്ലാം ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സ്മരണയോട് പുലര്‍ത്തേണ്ടുന്ന ആദരവ് എന്ന് നാം കാണണം. ശ്രീ.പി.കെ.വാര്യരുടെ വേര്‍പാടില്‍ കേരളീയ സമൂഹത്തിന്റെ ദുഖത്തോടൊപ്പം താനും പങ്കുചേരുന്നു എന്ന് കെ.കെ ശൈലജ പറഞ്ഞു.