ജനങ്ങൾക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും; ജസ്റ്റിസ് കുര്യൻ ജോസഫ്

രാജ്യത്തെ ജനങ്ങൾക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് പൊതുവികാരത്തിൽ ഇടപെട്ടതെന്നും അച്ചടക്കലംഘനം ഉണ്ടായിട്ടില്ല എന്നതിനാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്.

ഇദ്ദേഹമടക്കം സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നു മുന്നറിയിപ്പു നൽകിയിരുന്നു. തങ്ങൾ നീതിക്കും നീതിപീഠത്തിനുമായി നിലകൊണ്ടുവെന്നതിനാൽ കാര്യങ്ങൾ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞതെന്ന വിമര്‍ശനവുമായി മുതിര്‍ന്ന ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത്.