വടയമ്പാടി സമരം: അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ക്കും ജാമ്യം

വടയമ്പാടിയിലെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റാണെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ജാമ്യം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ കണ്ണൂര്‍ സ്വദേശി അഭിലാഷ്(28), ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥി മൂവാറ്റുപുഴ സ്വദേശി അനന്തു, സമര സമിതി കണ്‍വീനര്‍ വടയമ്പാടി ഐവേലില്‍ ശശിധരന്‍(41) എന്നിവര്‍ക്കാണ് കോലഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.

വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇവര്‍ക്കെതിരെ മാവോയിസ്റ്റ് കേസുകള്‍ ഉണ്ടെന്നും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പുത്തന്‍കുരിശ് സി.ഐ അറസ്റ്റിന് ശേഷം പറഞ്ഞിരുന്നു. ഇരുവരുടെയും കൈയില്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ മാവോയിസ്റ്റ് സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല പ്രവര്‍ത്തകരാണെന്നും ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ അല്ലെന്നും മാവോയിസ്റ്റ് അനുഭാവികളാണെന്നുമാണ് കരുതുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇവര്‍ക്കെതിരെ മാവോയിസ്റ്റ്, നീറ്റാജലാറ്റിന്‍ ആക്രമണ കേസുകള്‍ ഉണ്ടെന്നും അവ അന്വേഷിച്ച് വരികയാണെന്നും സിഐ വ്യക്തമാക്കിയിരുന്നു.

Read more

ഏഴ് പതിറ്റാണ്ടായി വടയമ്പാടിയിലെ നാല് ദലിത് കോളനിയിലെ ജനങ്ങള്‍ സര്‍വ്വസ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനെതിരെയുമാണ് സമരം നടന്നുവരുന്നത്. സമരപന്തല്‍ വന്‍ പോലീസ് സന്നാഹത്തോടെ റവന്യൂ അധികാരികള്‍ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.