മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പി.സി ജോര്‍ജിന് എതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി.സി.ജോര്‍ജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ്് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്.

പരാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച വനിതാ റിപ്പോര്‍ട്ടറോട്, ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. ‘ഇതു മര്യാദയല്ല’ എന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ‘മര്യാദയല്ലെങ്കില്‍ മര്യാദകേട്, തീര്‍ന്നല്ലോ’ എന്നായിരുന്നു മറുപടി.