വഫ ഫിറോസിന്റെ ഭര്‍ത്താവ് വിവാഹമോചനം തേടി വക്കീല്‍ നോട്ടീസ് അയച്ചു

ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം തേടി വക്കീല്‍ നോട്ടീസ് അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

കാര്‍ അപടത്തിനു ശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫീസില്‍ ലഭിച്ചതായി ഭാരവാഹികള്‍ സ്ഥിരീകരിച്ചു.

ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴു പേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴി വിട്ട ജീവിതരീതികള്‍ ചോദ്യം ചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്