ജോജു- കോൺഗ്രസ് വിഷയത്തിൽ മാതൃഭൂമി ന്യൂസിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

ജോജു ജോർജ്ജ് വിഷയത്തിൽ മാതൃഭൂമി ന്യൂസിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. ”ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ. കാവൽ. ഡി.വൈ.എഫ്.ഐ. എത്തും മുന്നേ ഭാര്യയെ ഫ്‌ളാറ്റിലേക്ക് മാറ്റി ജോജു.” എന്നൊരു വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് ആണ് മാതൃഭൂമി ന്യൂസിൽ നൽകിയതെന്ന തരത്തിൽ വാട്‌സാപ്പിൽ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രത്തിന് കാഴ്ചയിൽ മാതൃഭൂമി ന്യൂസിൽ നൽകുന്ന വാർത്തയുടെ രൂപസാദൃശ്യമുണ്ട്. എന്നാൽ വിശദ പരിശോധനയിൽ മാതൃഭൂമിയിൽ വാർത്തകൾ നൽകുന്ന ഫോണ്ട് അല്ല ഈ ചിത്രത്തിലുള്ളത് എന്ന് മനസ്സിലാകുമെന്ന് മാതൃഭൂമി വ്യക്തമാക്കി. നവംബർ 3-ന് മാതൃഭൂമി ന്യൂസിൽ വന്ന ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ട് എടുത്ത് വാർത്തയുടെ ടെക്സ്റ്റ് മാറ്റിയെഴുതിയതാണ് എന്നും മാതൃഭൂമി വിശദീകരിച്ചു.

Shajan

പ്രചരിക്കുന്ന ചിത്രത്തിൽ മാതൃഭൂമി ന്യൂസിന്റേതായി നൽകിയിട്ടുള്ള വാട്ടർമാർക്കും വ്യത്യസ്തമാണ്. അതിന്റെ ഫോണ്ടും നൽകിയിരിക്കുന്ന സ്ഥാനവും യഥാർത്ഥ വാട്ടർമാർക്കുമായി താരതമ്യം ചെയ്ത് പരിശോധിച്ചാൽ വ്യത്യാസം തിരിച്ചറിയാം. മാതൃഭൂമി ന്യൂസ് എന്നതിന് പകരം മാതൃഭൂമി ഡോട്ട് ഇൻ എന്നാണ് പ്രചരിക്കുന്ന ചിത്രത്തിൽ ഉള്ളത്. സ്‌ക്രീനിന്റെ വലതുവശത്ത് നടുവിൽ വരേണ്ട വാട്ടർമാർക്ക് പ്രചരിക്കുന്ന ചിത്രത്തിൽ ചുവടെയാണ് നൽകിയിരിക്കുന്നത്.

Shajan

പ്രചരിക്കുന്ന ചിത്രത്തിലുള്ളതു പോലെ ‘ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ കാവൽ’ എന്ന ഒരു വാർത്ത മാതൃഭൂമി നൽകിയിട്ടില്ല എന്നും പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രം വ്യാജമാണെന്നും മാതൃഭൂമി ന്യൂസ് സ്പഷ്ടമാക്കി.

Shajan