നേമത്ത് കോണ്‍ഗ്രസിനെ തകര്‍ത്തത് ജെ.ഡി.യുവെന്ന് മുരളീധരന്‍; കെ.എം.മാണിയെക്കൂടി എടുത്താല്‍ 'പിണറായി കൂട്ട് കള്ള മുന്നണി' എന്ന് വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ്

ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന് മുന്‍കാലങ്ങളില്‍ വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരണം എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന്‍ പറഞ്ഞു.

സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണി രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് വീരേന്ദ്രകുമാര്‍. ഇപ്പോള്‍ ഒന്‍പതുവര്‍ഷം നിന്നതുതന്നെ വലിയ കാര്യം. നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകരാന്‍ കാരണം ജെഡിയുവിന് സീറ്റ് കൊടുത്തതാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, ജെഡിയുവിന്റെ മുന്നണിമാറ്റത്തില്‍ സിപിഐഎം നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എയും രംഗത്തെത്തി. കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയില്‍ എടുത്താല്‍ “പിണറായി കൂട്ട് കള്ള മുന്നണി” എന്ന് വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കോടീശ്വരനായ സോഷ്യലിസ്റ്റിനോട് കൂട്ടുകൂടിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം പരിഹസിച്ചു.