എം.എൽ.എയും എം.പിയും ക്വാറന്റൈനിൽ; പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ആർടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആൻറോ ആൻറണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറൻറീനിൽ പ്രവേശിച്ചു.

ജീവനക്കാരനൊപ്പം എംപിയും എംഎൽഎയും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സമ്പർക്ക രോ​ഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ കൂട്ടാനും തീരുമാനമായി.

പത്തനംതിട്ടയിൽ ഏറ്റവും അധികം ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയിൽ റാപ്പിഡ് ആൻറിജൻ പരിശോധന ഇന്നും തുടരും. ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി.

കുലശേഖരപതിയിൽ ഔദ്യോഗികമായി സൂപ്പ‍ർ സ്പ്രെട് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരാളിൽ നിന്ന് 23 പേരിലേക്ക് രോഗം പകരുന്നത് ഇതിൻറെ സൂചന തന്നെയാണ്. വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.