പുതുവത്സര ദിനം മുതൽ സെക്രട്ടറിയറ്റിൽ പഞ്ചിങ്ങ് നിർബന്ധം

സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്താത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരുദിവസം ലീവായി രേഖപ്പെടുത്തും.

രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതല്‍ 5.30 വരെ ജോലി സമയം അനുവദിക്കും. എന്നാല്‍ ഏഴു മണിക്കൂര്‍ ജോലി നിര്‍ബന്ധമായും ചെയ്തിരിക്കണം. വൈകീട്ട് ജോലി അവസാനിക്കുന്ന സമയമായ 5.15 ന് മുമ്പ് പോകുന്നവര്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനുട്ട് ഗ്രേസ് ടൈമിന് പകരം മാസത്തില്‍ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാല്‍ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വല്‍ ലീവ് വീതം കുറവ് വരുത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തോന്നുമ്പോള്‍ വരികയും തോന്നുമ്പോള്‍ പോകുകയും ചെയ്യുന്നു എന്ന ആക്ഷേപം വര്‍ഷങ്ങള്‍ക്ക് മുമ്പേയുണ്ട്. ഇത് അവസാനിപ്പിച്ച് ജീവനക്കാരുടെ ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി.