'തിരച്ചടിക്കാതിരിക്കാന്‍ ഞാന്‍ ഗാന്ധിയല്ല, ബന്ധു നിയമന വിവാദത്തിലെക്ക് തന്റെ ഭാര്യയുടെ പേര് വലിച്ചിഴച്ചില്ലെ'; ചെന്നിത്തലയുടെ മകനെതിരായ ആരോപണം ആവര്‍ത്തിച്ച് മന്ത്രി കെ.ടി ജലീല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താന്‍ പറഞ്ഞത്. വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകിട്ടയാല്‍ മറുകരണം കാണിച്ചു കൊടുക്കാന്‍ ഞാന്‍ ഗാന്ധിയല്ലെന്നും ബന്ധു നിയമന വിവാദത്തിലെക്ക് തന്റെ ഭാര്യയുടെ പേര് വലിച്ചിഴച്ചില്ലെയെന്നും മന്ത്രി ചോദിച്ചു. തന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു. പഴയ യുഡിഎഫുകാരനായതിനാലും ലീഗ് കാരനായതിനാലും അതിന്റെ ദൂഷ്യഫലങ്ങള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വാഭാവികമാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് അദാലത്ത് നടത്താന്‍ അനുവാദമുണ്ടെങ്കില്‍ തനിക്കും അവകാശമുണ്ട്. അത്രമാത്രമേ താനും ചെയ്തിട്ടുള്ളുവെന്നും ജലീല്‍ പറഞ്ഞു. സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല, തെറ്റാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി. താന്‍ യു.ഡി.എഫില്‍ നിന്നാണ് വന്നത്. അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം ചെന്നിത്തല ഡല്‍ഹിക്ക് പോയത് അസ്വഭാവികമാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ചെന്നിത്തലയുടെ മകന് എതിരെയുള്ള മന്ത്രിയുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി. ഇതിനെതിരെ അദ്ദേഹം പരോക്ഷവിമര്‍ശനം ഉന്നയിച്ചു. കുടുംബാംഗങ്ങള്‍ക്കെതിരെ പറയുന്നത് യു.ഡി.എഫ് ശൈലിയെന്ന് കോടിയേരി പറഞ്ഞു.