കോതമംഗലം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; പള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ തടഞ്ഞ് യാക്കോബായ വിശ്വാസികള്‍

പളളിത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയിലെത്തി. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. ഇവര്‍ പള്ളിയില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തി കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയത്. പൊലീസ് കാവലില്‍ പ്രാര്‍ത്ഥനയോടെയാണ് ഇവര്‍ പള്ളിയിലെത്തിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ആയിരത്തഞ്ഞൂറോളം  പൊലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി തന്നെ യാക്കോബായ വിഭാഗം പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. മുമ്പ് മൂന്നു തവണ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പളളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ റമ്പാനടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.