'കൊറോണ വൈറസ് ഉണ്ടോ എന്ന് തെളിയിക്കണം'; ആരോഗ്യവകുപ്പിനെതിരെ വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി; നടപടി എടുക്കുമെന്ന് സര്‍ക്കാര്‍

കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനം കരുതലോടെ മുമ്പോട്ടു നീങ്ങുമ്പോള്‍ വ്യാജപ്രചരണങ്ങളും ശക്തമാകുന്നു. നിപാ വൈറസ് ബാധയുടെ സമയത്ത് വ്യാജപ്രചരണങ്ങള്‍ നടത്തിയ സ്വയം പ്രഖ്യപിത ഡോക്ടറും പ്രകൃതി ചികിത്സകനുമായ ജേക്കബ് വടക്കഞ്ചേരി ഇത്തവണയും വ്യാജ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കണമെന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വെല്ലുവിളി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം വരില്ലെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നു.

അതേ സമയം ജനങ്ങള്‍ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീണ് ചികിത്സ മുടക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇത്തരം വ്യാജപ്രചാരകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. നിപ കാലത്ത് തെറ്റിദ്ധാരണ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.

ഇതിനു മുമ്പ് എലിപ്പനി പ്രതിരോധ മരുന്നിന് എതിരെ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തിരുന്നു.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുകയും നിരവധി ആളുകള്‍ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പ്രതിരോധമരുന്ന് കഴിക്കരുതെന്ന് ജേക്കബ് വടക്കുംചേരി പ്രചാരണം നടത്തിയത്.

സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പ്രതിരോധ മരുന്ന് കഴിക്കണം എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് സ്വയം പ്രഖ്യാപിത ഡോക്ടറും വാക്സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കഞ്ചേരി രംഗത്ത് വന്നത്.

കേരളം നിപ്പയുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിപ്പ എന്ന വൈറസ് ഇല്ലെന്നും ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്നും ആവര്‍ത്തിച്ച് പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയിരുന്നു. എലിപ്പനി പോലെയുളള തട്ടിപ്പാണ് നിപ്പയെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

ആളെ പേടിപ്പിക്കുന്ന നിപ്പ പനിയെ കുറിച്ചു പറയുന്നതെല്ലാം പച്ചക്കളളമാണെന്നും പഴങ്ങള്‍ മാത്രം കഴിക്കുന്ന വവ്വാലില്‍ നിന്ന് മൃഗങ്ങളിലേയ്ക്ക് രോഗം പകര്‍ന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും വടക്കാഞ്ചേരി പറയുന്നു. എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാര്‍ തട്ടിയത് മറക്കരുതെന്നും ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കില്‍ യാചകര്‍ എന്തുകൊണ്ട് ചത്തുപോകുന്നില്ലെന്നും വടക്കാഞ്ചേരി ചോദ്യം ഉയര്‍ത്തുന്നു. നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങള്‍ കഴിച്ചതാവാം ഇത്രത്തോളം ആളുകള്‍ മരിക്കാന്‍ കാരണമെന്ന വിചിത്ര ന്യായവും വടക്കാഞ്ചേരി ഉയര്‍ത്തുന്നു.

Read more