ആർ എസ് എസ് വേദിയിൽ അധ്യക്ഷനായി ജേക്കബ് തോമസ്

ആർ.എസ്.എസ് നേതാവ് മുഖ്യപ്രഭാഷകനാകുന്ന വേദിയിൽ അദ്ധ്യക്ഷനായി മുൻ ഡി.ജി.പി ജേക്കബ് തോമസ്. ആര്‍.എസ്.എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും അത് സാംസ്‌കാരിക സംഘടനയാണ് എന്നും പറഞ്ഞ മുന്‍ വിജിലന്‍സ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസ് കാക്കനാടു വെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവ ചടങ്ങിലാണ് പങ്കെടുക്കുന്നത്. ജൂലൈ 18ന് വൈകിട്ട് മാവേലിപുരത്തെ എം.ആര്‍.എ ഹാളിലാണ് പരിപാടി നടക്കുന്നത്.

ആര്‍.എസ്.എസ് ഐ.ടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനാവും. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. സംഘടനയുടെ ഡ്രസ് കോഡ് ഇവര്‍ക്ക് ബാധകമല്ല. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്.