'ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കാന്‍ പോകുന്നില്ല, മുസ്ലീങ്ങളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നു'

ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കാന്‍ പോകുന്നില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

മുസ്ലീങ്ങളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നതായി മുത്തലാഖിന്റെ കാര്യത്തില്‍ മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖാപിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് മതങ്ങളുടെ കാര്യത്തിലെല്ലാം വിവാഹം സിവില്‍ നിയമത്തിന്റെ പരിധിയിലാണ്. മുസ് ലിം വിഭാഗത്തിന് മാത്രം വിവാഹം എന്തു കൊണ്ട് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാകുന്നുവെന്നും കാന്തപുരം ചോദിച്ചു.

കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനിന്നിരുന്നു. അതേസമയം പൂര്‍ണ പിന്തുണ നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ലീഗിന്റെയും കോണ്‍്ഗ്രസിന്റെയും സമ്മേളന ബഹിഷ്‌കരണ നീക്കം മര്‍ക്കസിനെ തകര്‍ക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു കോടിയേരി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. കാന്തപുരം സുന്നി വിഭാഗം പൂര്‍ണമായും ഇടത് ചേരിയേലിക്ക് അടുക്കുന്നതാണ് യുഡിഎഫ് നേതാക്കള്‍ മര്‍ക്കസ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

കോടിയേരിക്കു പുറമെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിന്റെ ഭാഗമായി എത്തിയിരുന്നു. ഒരു ഇടവേളക്ക് ശേഷമുള്ള കാന്തപുരം എപി വിഭാഗത്തിന്റെയും സിപിഐഎമ്മിന്റെയും പുതിയ കൂട്ടുകെട്ടാണ് ഇതിലൂടെ ലഭിക്കുന്ന പുതിയ സൂചന.