രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയെ കുറിച്ചു പറയുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് ക്ലിപ്പിടുന്നത് ഉചിതമല്ല: ധനമന്ത്രി നിർമ്മല സീതാരാമനെ വിമർശിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

രാഹുൽ ബജാജിനും കിരൺ മസുമ്ദാർ ഷാക്കും പിന്നാലെ മോദി സർക്കാരിനും നിർമ്മല സീതാരാമനും എതിരെ കടുത്ത വിമർശനം ഉന്നയിച്ച് കേരളത്തിലെ തലമുതിർന്ന വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്‌. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും സത്യസന്ധമായ അവലോകനങ്ങളെയും നിസ്സാരവത്കരിക്കുന്നതും തടയുന്നതും ഇന്ത്യയുടെ ധനമന്ത്രിയെ പോലുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ചേർന്ന കാര്യമല്ലെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

https://www.facebook.com/permalink.php?story_fbid=2868552846528495&id=176159352434538

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് വർദ്ധിച്ചുവെന്നത് ഒരു വസ്തുതയാണ്, വ്യവസായികളെ ആത്മവിശ്വാസത്തിലെടുത്തില്ലെങ്കിൽ തൊഴിലവസരങ്ങൾ ഉണ്ടാകില്ല. ബഹുരാഷ്ട്ര കമ്പനികളേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിനുമായി ഇന്ത്യൻ വംശജരുടെ കമ്പനികൾ കൂടുതൽ സമർപ്പിതരാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു, അതിനാൽ അവരുടെ അഭിപ്രായ പ്രകടനത്തെ അടിച്ചമർത്തുന്നത് മോശമായ നീക്കമാണ്- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

സർക്കാരിനെ വിമർശിച്ച് അഭിപ്രായ പ്രകടനം നടത്താൻ ഇന്ത്യയിലെ വ്യാസവസായികൾ ഭയപ്പെടുന്നതായി ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ സന്നിഹിതരായിരുന്ന ഒരു പരിപാടിക്കിടെ ഇവരെ മുന്നിലിരുത്തിയാണ് രാഹുൽ ബജാജ് തന്റെ ആശങ്ക അറിയിച്ചത്.

https://www.facebook.com/permalink.php?story_fbid=2866470586736721&id=176159352434538

രാഹുൽ ബജാജിന്റെ അഭിപ്രായത്തോട് താൻ പൂർണമായും യോജിക്കുന്നു. രാജ്യത്ത് ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നു. വാക്കുകളിലൂടെ മാത്രമല്ല, ദൃഡമായ പ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസം വളർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് നേരത്തെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടിരുന്നു.