മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ട ധനമന്ത്രി മന്ത്രിസഭയിൽ തുടരുന്നത് ഭരണഘടനാവിരുദ്ധം: രമേശ് ചെന്നിത്തല 

ധനമന്ത്രി തോമസ് ഐസക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചതിനാൽ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയോട് നടപടിയെടുക്കാൻ ശിപാർശ ചെയ്യണം എന്നുള്ള വി.ഡി സതീശൻ  എം.എൽ.എയുടെ ആവശ്യം സ്പീക്കർക്ക് പരിഗണിക്കേണ്ടി വന്നത് തന്നെ പ്രഥമദൃഷ്ട്യാ ധനമന്ത്രി കുറ്റക്കാരനായതിനാലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒഫീഷ്യൽ സീക്രട്ട് ആക്ട് ലംഘിച്ച മന്ത്രിക്ക്  അധികാരത്തിൽ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് കെ. എസ്.എഫ്.ഇ യിൽ വിജിലൻസിനെ കയറ്റില്ല എന്ന് മന്ത്രി പരസ്യമായി പറഞ്ഞത്. ഇത് IPC 353-ാം വകുപ്പിന്റെ ലംഘനമാണ്. ഇതിൽ  മന്ത്രിക്കെതിരേ കേസെടുക്കേണ്ടതുമാണ്.

മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള കാലത്തോളമാണ് ഭരണഘടനാപരമായി ഒരു മന്ത്രിക്ക് മന്ത്രിസഭയിൽ തുടരാനാകുക. വിജിലൻസ് അന്വേഷണമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ മുഖ്യമന്ത്രി പരസ്യമായി തള്ളി പറഞ്ഞതോടെ ഈ വിശ്വാസം നഷ്ടമായി എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ അധികാരത്തിൽ തുടരാനുള്ള യോഗ്യത തോമസ് ഐസക്കിന് നഷ്ടമായിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.