പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കരുത്, ലംഘിച്ചാല്‍ ഉടന്‍ നടപടി : കെ സുധാകരന്‍

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍. വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്ന ശശി തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ കാര്യമാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിന്റെ സൗകര്യമാണ്. സി.പി.എം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കള്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സിപിഐഎം സെമിനാറിനെത്തിയ ഐഎന്‍ടിയുസി നേതാവ് ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പയ്യന്നൂരിലെത്തിയത്. എന്നാല്‍ സംസ്ഥാന നേതൃത്വം വിലക്കിയതിനേത്തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ട് വിളിച്ച് സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.

സിപിഐഎം സെമിനാറില്‍ ക്ഷണം ലഭിച്ച ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം തനിക്ക് ലഭിച്ചില്ലെന്നാണ് തരൂര്‍ പറയുന്നത്. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.