കോൺഗ്രസ് വിട്ട് നേതാക്കൾ സി.പി.എമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയ: പിണറായി വിജയൻ

കോൺഗ്രസ് വിട്ട് നേതാക്കൾ സി.പി.എമ്മിലേക്ക് വരുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന ഒരു കൂടാരമാണ്. ആ തകർച്ചയുടെ ഭാഗമായി കൂടെ നിൽക്കേണ്ട എന്ന് ചിന്തിക്കുന്ന പലരും തീരുമാനിച്ചു. അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോൺഗ്രസിലെ കാര്യങ്ങളെ എത്തിച്ചതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയന്റെ വാക്കുകൾ:

നേരത്തെ കോൺഗ്രസ് വിടാൻ ചിലർ തയ്യാറായിട്ടുണ്ട് അവർ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോൾ അവരെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടതും ഏറെക്കുറെ സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. ബിജെപി നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നയം അത് രാജ്യത്തിന്റെ തകർച്ചയ്ക്ക് തന്നെ വഴിവയ്ക്കുന്നതാണ്. മതനിരപേക്ഷതയ്ക്കും നമ്മുടെ രാജ്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കു ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങൾക്കും എതിരായ നിലപാട് ബി.ജെ.പി സ്വീകരിക്കുന്നത്, ആ രീതിയിൽ അതിനെ കണ്ടു കൊണ്ട് നേരിടാൻ അല്ല കോൺഗ്രസ് തയ്യാറാവുന്നതെന്ന് കോൺഗ്രസിനകത്തുള്ളവർക്ക് നന്നായി അറിയാം. അത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത തുടർച്ചയായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് അവർ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

അപ്പോൾ ഒരു നല്ല മാറ്റം പ്രകടമായിരിക്കുന്നു. പ്രധാനപ്പെട്ടവർ തന്നെ കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാവുന്നു എന്നത് ആരോഗ്യകരമായ പ്രവണതയാണ്. ആ പ്രവണത ഇനിയും ശക്തിപ്പെടും ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ്. എന്നാൽ ഇന്നും മറ്റൊരു പ്രധാനി വന്ന വാർത്തയാണ് നമ്മൾ കാണുന്നത്. ഇനി നാളെ എന്തൊക്കെയാണ് കാത്തു നിൽക്കുന്നത് എന്ന് നാളെകൊണ്ടല്ലേ മനസ്സിലാക്കാൻ പറ്റൂ.