ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ദ്ധനയെന്ന് മൊഴി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പിന് ശേഷം ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തിൽ വൻ വർദ്ധന ഉണ്ടായതായി പൊലീസിന് മൊഴി. ബിജെപി കള്ളപ്പണ ഇടപാടിൽ പരാതി നൽകിയ ആന്‍റി കറപ്ഷൻ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസാണ് പൊലീസിന് മൊഴി നൽകിയത്. പാലക്കാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മൊഴി എടുത്തത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ കേരളത്തിലേക്ക് വൻതോതിൽ ബിജെപി കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബിജെപി നേതാക്കളുടെ സാമ്പത്തിക വിവരങ്ങൾ  വർഗീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഐസക് വർഗീസ് പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഐസക് വർഗീസിൽ നിന്നും മൊഴി എടുത്തത്. കൊടകര കളളപ്പണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വർഗീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.