കെട്ടിട നമ്പര്‍ ക്രമക്കേട്; രാമനാട്ടുകര നഗരസഭയില്‍ രണ്ട് ഉദ്യോസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

രാമനാട്ടുകര നഗരസഭയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കെട്ടിട നമ്പര്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്നാണ് നടപടി. റവന്യൂ ഇന്‍സ്പെക്ടര്‍ എന്‍ അജിത്കുമാര്‍ എല്‍.ഡി ക്ലര്‍ക്ക് സി എച്ച് സാജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പത്താം വാര്‍ഡിലെ ഡാറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിനാണ് ഇവര്‍ അനധികൃതമായി നമ്പര്‍ നല്‍കിയത്. അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിനോടൊപ്പം വസ്തു നികുതി ഈടാക്കുകയും ചെയ്തിരുന്നു.

ഓഫീസിലെ മറ്റ് ജീവനക്കാരുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ചോര്‍ത്തി സഞ്ചയ സോഫ്റ്റ്വെയറില്‍ എന്‍ട്രി വരുത്തുകയും ചെയ്തതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

അതേസമയം ആലപ്പുഴയിലംു കെട്ടിടനമ്പര്‍ ക്രമക്കേട് നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് വ്യാജരേഖകള്‍ ചമച്ച് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.