കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടറെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ റിജോ ഫ്രാന്‍സിസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍ഗോഡ് രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്‌പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു റിജോ ഫ്രാന്‍സിസ്. കുടുംബവുമായി ഒന്നിച്ച് കാസര്‍ഗോഡാണ് താമസം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.