അട്ടപ്പാടിയിലെ ശിശുമരണം; സഹായം കിട്ടാത്തത് കൊണ്ടല്ല കുട്ടി മരിച്ചത്, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍

അട്ടപ്പാടിയിലെ ശിശുമരണത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസം കുട്ടി മരിച്ചത് സഹായം കിട്ടാത്തത് കൊണ്ടല്ലെന്നും കുട്ടിയുടെ മൃതദേഹം എടുത്തുകൊണ്ട് പോയത് ഊരിനുള്ളിലേക്ക് വാഹനം കടത്താന്‍ സാധിക്കാത്തതു മൂലമാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എന്‍ ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. പോഷകാഹാരക്കുറവ് മൂലമാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. കുട്ടിയുടെ കാലില്‍ എന്തോ കടിച്ച പാടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അടിയന്തിര സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഗതാഗത യോഗ്യമായ പാലപ്പട വരെ വാഹനത്തില്‍ എത്തിച്ചു. രണ്ടില്‍ താഴെ കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മൃതദേഹം ഊരിലേക്ക് എടുത്തുകൊണ്ടു പോയത്. ഇതാണ് വാര്‍ത്തയായി വന്നത്. റോഡ് നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുള്ള മേഖലയാണിത്. ഹൈ റിസക്സ്, സിക്കിള്‍സണ്‍ രോഗികളായ ഗര്‍ഭിണികളെ നിരീക്ഷിക്കുന്നതിന് ഇവിടെ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി.

ഗര്‍ഭിണികള്‍ക്ക് പോഷക കിറ്റ് വിതരണം ചെയ്തു. യുണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ കണ്‍സല്‍ട്ടന്റിനെ നിയോഗിച്ചു. പുതുതായി രണ്ട് തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ചു. 6കോടി 98ലക്ഷം കോട്ടപ്പുറം ആശുപത്രിക്ക് വേണ്ടി ഭരണാനുമതി നല്‍കി നല്‍കി. സാധ്യമായ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഈ പ്രദേശത്ത് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എംഎല്‍എ, എംപി തദ്ദേശ വകുപ്പ് എന്നിങ്ങനെ എല്ലാവരുടെയും സഹകരണം ഉണ്ടാകണം. 1996ല്‍ താന്‍ മന്ത്രി ആയിരുന്നപ്പോഴാണ് ആദ്യമായി കോട്ടത്തറയില്‍ 25 ബെഡുകളുള്ള ആശുപത്രി ആരംഭിച്ചതെന്നും കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.