വ്യവസായ മന്ത്രി ഇ. പി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി

 

വ്യവസായ, കായിക മന്ത്രി ഇ.പി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെയാണ് മാറ്റിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

നിരവധി പരാതികള്‍ സജീഷിനെതിരെ നേരത്തെ സി.പി.എമ്മിന് ലഭിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതേത്തുടർന്നുള്ള പാര്‍ട്ടി നിർദ്ദേശം അനുസരിച്ച് സജീഷ് സ്വമേധയ രാജി സമര്‍പ്പിക്കുകയായിരുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞത് എന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. ഇ.പി ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പരാതി കിട്ടിയിട്ടുണ്ട്.

അതിനിടെ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാരോട് സി.പി.എം യോഗത്തിൽ ആവശ്യപ്പെടും. അഴിമതി ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റണം തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് തീരുമാനം.