ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം കേരളത്തില്‍; അഭിമാന നേട്ടം കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത് 99 ശതമാനം മാര്‍ക്കുമായി

കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (National Quality Assurance Standards) അംഗീകാരം ലഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാര്‍ക്ക് നേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി എന്‍.ക്യു.എ.എസ്. അക്രഡിറ്റേഷന്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍.ക്യു.എ.എസ്. പുരസ്‌കാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.

ആരോഗ്യ രംഗത്ത് ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കി മികച്ച സൗകര്യങ്ങളൊരുക്കി വരികയാണ്. ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുക എന്നത്. കഴിഞ്ഞ വര്‍ഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ഈ വര്‍ഷം 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യത്തിന്റെ വിവിധ തലങ്ങള്‍ പ്രാഥമിക തലത്തില്‍ നിര്‍വഹിക്കാന്‍ ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സാധിക്കുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ 140 ആശുപത്രികളാണ് എന്‍.ക്യു.എ.എസ്. അംഗീകാരത്തിനായി ലക്ഷ്യമിടുന്നത്.

ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതിനു മുമ്പ് വരെ 98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു. മൂന്ന് ആശുപത്രികള്‍ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികള്‍ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

തൃശൂൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍.ക്യു.എ.എസ്. അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.

ജില്ലാതല നിരീക്ഷണത്തിലും സംസ്ഥാനതല നിരീക്ഷണത്തിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കു നേടുന്ന ആശുപത്രികള്‍ക്കാണ് ദേശീയ തലത്തില്‍ എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് അപേക്ഷിക്കാന്‍ സാധിക്കുക. ദേശീയതല നിരീക്ഷണങ്ങള്‍ക്ക് ശേഷം അംഗീകാരം ലഭിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനതല നിരീക്ഷണവും 3 വര്‍ഷത്തിലൊരിക്കല്‍ ദേശീയതല നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിയ്ക്കും ഇന്‍സന്റീവ് ലഭിക്കുന്നതാണ്. ഇത് ആ ആശുപത്രിയുടെ കൂടുതല്‍ വികസനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ സാധിക്കും.