പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; ആഭ്യന്തര വകുപ്പ് വന്‍പരാജയമെന്ന് വി.ഡി സതീശന്‍

പാലക്കാട് മലമ്പുഴയിലെ ഷാജഹാന്‍ വധക്കേസില്‍ സ്വതന്ത്ര്യ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. പൊലീസിനെ കയ്യും കാലും കെട്ടി ഇടരുത്. സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണ്. ഇക്കാര്യം സിപിഎം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന കെ സുധാകരന്റെ പ്രസ്താവനയെയും അദ്ദേഹം ന്യായീകരിച്ചു. പാലക്കാട്ടേത് രാഷ്ട്രീയക്കൊലയല്ലെന്നാണ് പാലക്കാട് എസ്പി ആദ്യം പറഞ്ഞത്. എന്നാല്‍ എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട് ഒരു സിപിഎമ്മുകാരന്‍ തന്നെയാണ് ഇതിന്് പിന്നിലെന്ന് പറയുകയുണ്ടായി. ഇതേ തുടര്‍ന്നാണ് സുധാകരന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത വിഷയത്തെ കുറിച്ചും സതീശന്‍ പ്രതികരിച്ചു. ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബില്ല് എതിര്‍ക്കേണ്ടത് തന്നെയാണ്. ഭേദഗതി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ലോകായുക്ത ഭേദഗതി ബില്‍ പ്രതിപക്ഷം എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍ രംഗത്തെത്തി. ബില്ലില്‍ മാറ്റം വരുത്തണമെന്നും ഇതേ കുറിച്ച് വിശദമായ ചര്‍ച്ച നടത്തണമെന്നും മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭയില്‍ ആവശ്യപ്പെട്ടു. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.