ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല, ഭക്തജനങ്ങളെ തടയുക സർക്കാർ ലക്ഷ്യമല്ല; വിശ്വാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി രാധാകൃഷ്ണൻ

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വിശ്വാസികളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ചല്ല എന്നും മന്ത്രി പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കാത്തത് രോഗവ്യാപനം മൂലമാണ്. ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. ഭക്തരെ തടയുക സർക്കാരിന്‍റെ ലക്ഷ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രങ്ങളും പള്ളികളും എപ്പോൾ തുറക്കുമെന്ന് പറയാനാകില്ല. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ഇളവ് അനുവദിക്കുമെന്നും കെ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എൻ.എസ്.എസ്, മലങ്കര ഒാർത്തഡോക്സ് സഭ, സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​, കെ.​എ​ൻ.​എം, ഓ​ൾ ഇ​ന്ത്യ ഇ​മാം​സ്​ കൗ​ൺ​സി​ൽ, വി​സ്​​ഡം ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ അടക്കമുള്ളവർ ആവശ്യവുമായി രംഗത്തു വന്നിരുന്നു.