സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാരിന്റെ മൗനം വേദനിപ്പിച്ചു, കേസ് എടുക്കണമെന്ന് ഗവര്‍ണര്‍

പത്താം ക്ലാസുകാരിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്തയുടേത് പെണ്‍കുട്ടിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ഇത് താന്‍ അടക്കമുള്ളവര്‍ക്ക് അപമാനമാണ്. സ്ത്രീകളെ 4 ചുവുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ പോലും മൗനം പാലിച്ചത് നിരാശാജനകമാണ്. അത് തന്നെ വളരെയധികം വേദനിപ്പിച്ചു. സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായത് മൗലികാവകാശ ലംഘനമാണ്. ഇതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നതില്‍ അതിശയം തോന്നുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നനടപടിയല്ലിത്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണം. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ നിരവധി നേതാക്കളും സംഘടനകളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ ആത്മാഭിമാനം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്.ഇനി ജീവിതത്തില്‍ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പെണ്‍കുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയില്‍ ഉണ്ടായതെന്നും കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിച്ചു.

Read more

സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്നും മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവിയും കഴിഞ്ഞ ദിവസം പറഞ്ഞു.