തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവം; പൊലീസുകാര്‍ക്കെ എതിരെ വിശദ അന്വേഷണം

മൂന്നാറില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ശിപാര്‍ശ. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാര്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിശദ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഡിവൈഎസ്പി കെ.ആര്‍.മനോജ് പിടിച്ചെടുത്ത് പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് നല്‍കിയിരുന്നു. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ് പിടിച്ചെടുത്തത്.

ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അന്വേഷണ നേരിടുന്ന പൊലീസുകാരില്‍ ഒരാളെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏജന്‍സികള്‍ അന്വേഷണം നടത്തുകയായിരുന്നു.

മൂന്ന് പൊലീസുകരെയും അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പ്സ്വാമി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള റിപ്പോര്‍ട്ടിലാണ് വിശദ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ആറ് മാസം മുമ്പ് ഇതേ രീതിയില്‍ ഒരു സംഭവം തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനിലും നടന്നിരുന്നു. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിന് പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു.