തിരുവല്ലയില്‍ പതിമൂന്നുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി

തിരുവല്ലയില്‍ 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. തിരുവല്ല നെടുമ്പ്രത്താണ് സംഭവം. കല്ലുങ്കല്‍ സ്വദേശിയും സന്തോഷ് – സിമ ദമ്പതികളുടെ മകളുമായ നമിതയാണ് മരിച്ചത്. വീട്ടുകാര്‍ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പഠിക്കാതിരുന്നതിന് നമിതയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങി. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

പെണ്‍കുട്ടി ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി ഉടന്‍ തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കണ്ടെത്തി വേഗം കരയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നമിത ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.