പണ്ട് രാഹുകാലം നോക്കിയാണ് ആളുകള്‍ പുറത്തിറങ്ങിയിരുന്നത്, ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കണം; പരിഹസിച്ച് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണെന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തില്‍ പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പണ്ട് രാഹുകാലം നോക്കിയാണ് ആളുകള്‍ പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നല്ല പറയുന്നതെന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ പേടിത്തൊണ്ടനാണ്, അദ്ദേഹത്തെ ഹോറര്‍ സിനിമ കാണിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി യാത്ര ഒഴിവാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കള്ളക്കടത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്നും കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി ആയതുകൊണ്ടാണ് സര്‍ക്കാരിനും സിപിഎമ്മിനും വെപ്രാളമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കളി കളിക്കുന്നു.സിപിഎമ്മും ബി.ജെ.പിയും തമ്മില്‍ കള്ളക്കളി നടക്കുകയാണ്. സരിത്തിനെ എന്തിനാണ് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തിരുന്നതെന്നും ഷാജ് കിരണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിഷേധങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി പൊതുപരിപാടികള്‍ തുടരുകയാണ്. കണ്ണൂരിലാണ് ഇന്നത്തെ പൊതുപരിപാടി. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കറുത്ത മാസ്‌കോ, വസ്ത്രമോ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിന് മുന്നിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കാലശിച്ചു.

Read more

പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്്ത് നീക്കുകയും ചെയ്തു.