കേരളത്തില്‍ കൊറോണ വൈറസ് ബാധയേറ്റ മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍

കേരളത്തിവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേരും വന്നത് ഒരേ നവിമാനത്തിലെന്ന് റിപ്പോര്‍ട്ട്.മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണ്. ചൈനയിലെ വുഹാനില്‍നിന്ന് ജനുവരി 24-ന് കേരളത്തിലെത്തിയ വിമാനത്തില്‍ 36 പേരാണുണ്ടായത്.ഇതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ച മൂവര്‍ക്കുമൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്.

രണ്ടാംവര്‍ഷം പഠിക്കുന്നവരാണ് ആലപ്പുഴയില്‍ കൊറോണ വൈറസ് ബാധിച്ചയാളും കൂട്ടുകാരും. അത്ര മാരകമല്ലെന്ന വിശ്വാസമാണ് വിദ്യാര്‍ഥികള്‍ക്കെല്ലാമുണ്ടായിരുന്നത്. കേരളരീതിയിലുള്ള ഭക്ഷണംമാത്രമാണ് അവിടെ ഇവര്‍ കഴിച്ചിരുന്നത്.

ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.

വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജിന് പുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം.