ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറ് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്; മുഖ്യമന്ത്രിക്കായി കോൺഗ്രസ് നേതാവിന്‍റെ ശയനപ്രദക്ഷിണവും

ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. ഗുരുവായൂരിൽ ദർശനം നടത്തി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹമെത്തിയത്. ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു.

വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. മാസത്തിലൊരിക്കൽ വി ഡി സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താറുണ്ട്. റെവന്യൂ മന്ത്രി എ. പി. അനിൽകുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി വി ഡി സതീശൻ ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ദേവസ്വം കമ്മീഷണർ എം മനോജ്കുമാർ, ക്ഷേത്രം മാനേജർ വി എൻ ഹരിഹര ഭട്ട് എന്നാവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തി. ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഷജിൽ വി. ഡി. സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി.

Read more