‘എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച തിരുവോണ നാളില്‍ തന്നെ സംഘപരിവാറിന്റെ നെറികെട്ട നുണ’; ബി.ജെ.പിയിലേക്കെന്ന വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടിയെന്ന് പി. ജയരാജന്‍

ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണത്തിന് എതിരെ ഫെയ്‌സ്ബുക്കില്‍ രൂക്ഷമായ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍.

ആര്‍എസ്എസ് അനുകൂല ടെലിവിഷന്‍ ചാനലായ ജനം ടി.വിയുടെ ലോഗോ ഉപയോഗിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്നു ജയരാജന്‍ പോസ്റ്റില്‍ ആരോപിക്കുന്നു.

എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച തിരുവോണ നാളില്‍ തന്നെയാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നതെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

”എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍.എസ്.എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും.

ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിവാരവും മുസ്‌ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്.

റിപ്പബ്ലിക് ദിനത്തില്‍ കെ.വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി ക്കൊലപ്പെടുത്തിയതും 20 വര്‍ഷം മുമ്പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.