ശശികലയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടും അഞ്ച് മണിക്കൂര്‍ വൈകിപ്പിച്ചു; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി

Gambinos Ad
ript>

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ അറസ്റ്റ് വൈകിയതില്‍ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി. ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പി സുദര്‍ശനെതിരേ നടപടി വേണമെന്ന് ഐജി വിജയ് സാക്കറെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും.

Gambinos Ad

ശബരിമല ദര്‍ശനത്തിന് പോകാനായി ഇക്കഴിഞ്ഞ നവംബര്‍ 16ന് രാത്രിയിലായിരുന്നു ശശികല മരക്കൂട്ടത്ത് എത്തിയത്. ശബരിമലയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ദര്‍ശനത്തിന് ശേഷമെ തിരിച്ചുപോകുകയുള്ളു എന്ന നിലപാടില്‍ റോഡില്‍ കുത്തിയിരുന്ന ശശികലയെ അറസ്റ്റ് ചെയ്യാന്‍ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എസ്പി സുദര്‍ശന്‍ അവരെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. പമ്പയുടെയോ നിലയ്ക്കലെയോ സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പിയുടെ വാദം. പിന്നീട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറിന് ശേഷം പുലര്‍ച്ചെ രണ്ടു മണിയിക്കായിരുന്നു ശശികലയെ അറസ്റ്റ് ചെയ്തത്.

എസ് പി സുദര്‍ശന്റെ ഈ നടപടിയെ ചോദ്യം ചെയ്താണ് ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എസ്പി അറസ്റ്റിന് വിസമ്മതിച്ചപ്പോള്‍ ശശികലയെ അറസ്റ്റ് ചെയ്യാന്‍ മുന്നോട്ടുവന്ന പത്ത് വനിതാ പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കണമെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.