വിഴിഞ്ഞം യാഥാര്‍ഥ്യമായാല്‍ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാര്‍ക്ക് എതിരെയുള്ള ബലപ്രയോഗം അവസാനം വരെയും ഒഴിവാക്കാനാണ് ശ്രമം. സമരക്കാരുടെ ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സമരത്തിനിറങ്ങുന്നത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ കൊളമ്പോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും.

അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകളും വേറെയുമുണ്ടാകും. ഇത് കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകള്‍ ഫീഡര്‍ വെസലുകള്‍ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

Read more

വിഴിഞ്ഞം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം അനാവശ്യമാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെയെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രതികരിച്ചു.