നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകും: കെ.സുരേന്ദ്രൻ

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ അതിന് തയ്യാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം കേന്ദ്രം മാത്രം ഇന്ധനനികുതി കുറച്ചാൽ വില കുറയില്ലെന്നും സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറച്ചില്ല എങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും. അതിനാൽ ഉമ്മൻ ചാണ്ടി സർക്കാർ മുമ്പ് കാണിച്ച മാതൃക പിണറായി സർക്കാർ കാണിക്കണം എന്ന് സുധാകരൻ പറഞ്ഞു.

എന്നാൽ കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്നും ബാലഗോപാൽ പറഞ്ഞു.