അന്വേഷണം ശരിയായി നടന്നാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടി വരും; ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന്റെ ക്യാപ്റ്റനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായുള്ള കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം നടത്തിയാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ നടപടിയെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഇത് ആരുടെ നിര്‍ദ്ദേശപ്രകാരമാണന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജിവെക്കാതെ മുഖ്യമന്ത്രി പദവിയില്‍ തുടരുന്ന പിണറായി വിജയന് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് വി ടി ബലറാമും പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോട്ടയം, കൊല്ലം, കണ്ണൂര്‍, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്.

കണ്ണൂരില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ചില പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജലപീരങ്കി ഉപയോഗിച്ച പോലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി ഉപയോഗിച്ച് നേരിട്ടു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും തുടരുകയാണ്. കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍.വൈ.എഫ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജുണ്ടായി. കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറുണ്ടായി. കണ്ണൂരില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ ചെരുപ്പ് എറിഞ്ഞു.കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.