'കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും'; പരിഹസിച്ച് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പരിഹാസവുമായി ഹൈക്കോടതി. കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥയെന്ന് കോടതി പരിഹസിച്ചു. തെരുവുനായ വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

കോര്‍പ്പറേഷന്റെ ലാഘവത്വമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളയില്‍ വൃത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുക.

തെരുവുനായക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.