‘ഇടുക്കിയില്‍ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാരിന്റെ യുദ്ധ പ്രഖ്യാപനം’; നിര്‍മ്മാണ നിരോധനത്തിന്റെ മറവില്‍ കര്‍ഷകര്‍ക്ക് ഉടമസ്ഥാവകാശവും പട്ടയവും നഷ്ടപ്പെടും

ഡോ. ജോസ് ജോസഫ്

1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ കൃഷിഭൂമിയില്‍ വാണിജ്യാവശ്യത്തിനു വേണ്ടി നിര്‍മ്മിച്ച 1500 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ അനധികൃതമായി പ്രഖ്യാപിച്ച് കണ്ടു കെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇടുക്കി ജില്ലയില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പുതിയൊരു യുദ്ധമുഖം തുറക്കുന്നു.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയുന്നതു സംബന്ധിച്ച ഹൈക്കോടതിയുടെ 2010 ലെ ഇടക്കാല ഉത്തരവിന്റെ മറവിലാണ് ഇടുക്കിയിലെ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ പതിച്ചു നല്‍കിയിട്ടുള്ള ഭൂരിഭാഗം സ്ഥലങ്ങളും 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍, 1977 ജനുവരി ഒന്നിന് മുമ്പുള്ള വനഭൂമി കയ്യേറ്റം ക്രമീകരിക്കല്‍ പ്രത്യേക ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ളതാണ്. ഇപ്രകാരം നല്‍കിയിട്ടുള്ള ഭൂമിയില്‍ കൃഷി, ഗൃഹനിര്‍മ്മാണം, ആദായമെടുക്കല്‍ എന്നിവയ്ക്കു മാത്രമെ ഉടമസ്ഥന് അവകാശമുള്ളുവെന്ന് സര്‍ക്കാര്‍ പറയുന്നു.. ഈ ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനധികൃതമാണെന്നാണ് ഓഗസ്റ്റ് 22ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ 269/2019 സര്‍ക്കാര്‍ ഉത്തരവിലെ വ്യാഖ്യാനം.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ഈ ഉത്തരവ് ഇടുക്കി ജില്ലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് ആറിനു ചേര്‍ന്ന സംസ്ഥാന മന്ത്രി സഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. 15 സെന്റു സ്ഥലത്ത് 1500 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ ഉടമസ്ഥന് ക്രമീകരിച്ചു നല്‍കും. സി.പി.ഐ, സി.പി.ഐ.എം ധാരണയുടെ അടിസ്ഥാനത്തിലാണ് 1500 ചതുരശ്ര അടി വിസ്തൃതി എന്ന മാനദണ്ഡത്തിലെത്തിയത്. സി.പി.ഐക്കാരനായ റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരനാണ് കൂടിയ വിസ്തൃതി 1500 ചതുരശ്ര അടി എന്ന മാനദണ്ഡം നിര്‍ദ്ദേശിച്ചത്.

1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചു നല്‍കിയ 15 സെന്റു വരെയുള്ള ഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടം ഉപജീവന ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതാണെങ്കില്‍ ക്രമീകരിച്ചു നല്‍കും. ഉടമസ്ഥനോ ആശ്രിതനോ മറ്റൊരിടത്തും സ്ഥലമില്ലെന്നു തെളിയിച്ചിരിക്കണം. 2019 ഓഗസ്റ്റ് 22 വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്രമീകരണം. ഇതിനു വേണ്ടി 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യും.

15 സെന്റു വരെയുള്ള ഭൂമിയില്‍ 1500 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഏക ഉപജീവനോപാധിയാണെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കും. ഇതിനു വേണ്ടി ഓരോ കേസിലും പ്രത്യേക റിപ്പാര്‍ട്ടുകള്‍ തയ്യാറാക്കി ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കില്‍ മാത്രമെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കപ്പെടുകയുള്ളു.

ഉടമസ്ഥാവകാശമുള്ള 15 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമിയിലെ എല്ലാത്തരം വാണിജ്യ നിര്‍മ്മിതികളും ഈ ഉത്തരവു പ്രകാരം അനധികൃതമാണ്. ഇത്തരം പട്ടയ ഭൂമികളില്‍ ഏതെങ്കിലും കാലത്ത് എന്തെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം ഈ ഉത്തരവ് പ്രകാരം അനധികൃതമാണ്. ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ റദ്ദു ചെയ്യും നിര്‍മ്മിതികള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കും ഒരേക്കര്‍ ഭൂമിയില്‍ 1000 ചതുരശ്ര അടി വാണിജ്യ നിര്‍മ്മിതിയുണ്ടെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാം. പട്ടയം റദ്ദാക്കാം.

സര്‍ക്കാര്‍ ഏറ്റെടുത്ത ഇത്തരം ഭൂമിയും വാണിജ്യ നിര്‍മ്മിതിയും നിലവിലുള്ള ചട്ടങ്ങള്‍ക്കും നിരക്കുകള്‍ക്കും വിധേയമായി വേണമെങ്കില്‍ പാട്ടത്തിനു നല്‍കും. സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍, ഫാം ഹൗസുകള്‍, വലിയ കെട്ടിടങ്ങള്‍ തുടങ്ങി 15 സെന്റിലേറെ വിസ്തൃതിയുള്ള പട്ടയഭൂമിയിലെ നിര്‍മ്മിതികളെല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകും. ജില്ലയിലെ ബഹുഭൂരിപക്ഷം വാണിജ്യ നിര്‍മ്മിതികളും 15 സെന്റിലേറെ വിസ്തൃതിയുള്ള കൃഷി ഭൂമിയിലായതിനാല്‍ കര്‍ഷകര്‍ക്ക് ഉടമസ്ഥാവകാശം മാത്രമല്ല ഉത്തരവു പ്രകാരം പട്ടയവും നഷ്ടപ്പെടും.

ഇതിനു പുറമെ, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്തു നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിയടക്കം സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് വിനിയോഗിക്കും. ഇടുക്കിയില്‍ കാര്‍ഷിക മേഖലയിലും പട്ടണപ്രദേശങ്ങളിലും പലയിടത്തും പട്ടയ പ്രശ്‌നം ഇനിയും പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലാത്തതിനാല്‍ ഈ വ്യവസ്ഥയും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും തിരിച്ചടിയാകും. മേലില്‍ പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉത്തരവ് തടയിടുന്നുണ്ട്. പട്ടയം ഏതാവശ്യത്തിനാണ് അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ നിര്‍മ്മാണ പെര്‍മിറ്റ് നല്‍കാന്‍ പാടുള്ളു. ഇതിനുള്ള ഭേദഗതി രണ്ടാഴ്ചക്കുള്ളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കും. ഇതോടെ ഫലത്തില്‍ ജില്ലയിലെ ഹൈറേഞ്ചുകളില്‍ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനമാകും.

കേരളത്തില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ദുര്‍ബ്ബല പ്രദേശങ്ങളില്‍ എല്ലാവിധ നിര്‍മ്മാണ പ്രവത്തനങ്ങളും നിര്‍ത്തി വെയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദ്ദേശിച്ചിരുന്നു. നിര്‍മ്മാണത്തിന് അനുയോജ്യമായ പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി കണ്ടെത്തുന്നതു വരെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അത്തരമൊരു പ്രാഥമിക പഠനം പോലും തുടങ്ങാന്‍ സര്‍ക്കാരിന് ഇതു വരെയും സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ പുതിയ ഉത്തരവും ഫലത്തില്‍ ഇടുക്കിയില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണ നിരോധനം നടപ്പാക്കിയിരിക്കുകയാണ്.

കൃഷിയല്ലാതെ മറ്റൊരു വാണിജ്യ പ്രവര്‍ത്തനത്തിലും കര്‍ഷകരോ അവരുടെ ആശ്രിതരോ ഏര്‍പ്പെടരുതെന്ന നിലപാടാണ് സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയാതെ അതിന്റെ മറവില്‍ പാവപ്പെട്ട കര്‍ഷകരെ ഒന്നാകെ ദ്രോഹിക്കുന്ന നിലപാടാണിത്.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തോടെ ഇടുക്കിയിലെ കാര്‍ഷിക മേഖല കാല്‍ നൂറ്റാണ്ട് പിന്നോട്ടു പോയി. 1000 കിലോമീറ്റര്‍ ദേശീയ പാത ഉള്‍പ്പെടെ 2880 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 278 ഇടങ്ങളില്‍ വലിയ ഉരുള്‍ പൊട്ടലുകളും 1800 ലേറെ സ്ഥലങ്ങളിള്‍ മണ്ണിടിച്ചിലുമുണ്ടായി. റോഡുകളും പാലങ്ങളും ഇപ്പാഴും തകര്‍ന്ന നിലയിലാണ്. കുരുമുളക്, ഏലം, കാപ്പി, തേയില, റബ്ബര്‍, ജാതി, ശീതകാല പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ജില്ലയിലെ പ്രധാന വിളകളെല്ലാം അടുത്തടുത്തുണ്ടായ രണ്ടു വര്‍ഷങ്ങളിലെ പേമാരിയില്‍ തകര്‍ന്നു. ഏലമൊഴികെ മറ്റെല്ലാ വിളകളുടെയും വില കൂപ്പു കുത്തി. ഏലകൃഷി പാടെ നശിച്ചതിനാല്‍ വിലക്കയറ്റത്തിന്റെ മെച്ചം കര്‍ഷകര്‍ക്കു ലഭിച്ചില്ല.

ആപത്തു കാലത്തു താങ്ങായിരുന്ന പശു വളര്‍ത്തലില്‍ നിന്നും വലിയൊരു വിഭാഗം കര്‍ഷകര്‍ പിന്മാറുകയാണ്. ഇതിനിടയിലാണ് പട്ടിണി മാറ്റാന്‍ നാലു കപ്പ നടുന്നവനും കുരുമുളക് കൃഷി ചെയ്യുന്നവനുമെല്ലാമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടു നടപ്പാക്കാത്തതിനും കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍ക്കും ഉത്തരവാദിയെന്ന തരത്തിലുള്ള വലിയ പ്രചരണങ്ങള്‍.കഴിഞ്ഞ സംസ്ഥാന ബജറ്റിനോടനുബന്ധിച്ച് 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പാക്കുമെന്ന വമ്പന്‍ പ്രഖ്യാപനം ധന മന്ത്രി നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം ഒന്നും നടന്നില്ല.

കേരളത്തില്‍ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കാനാവാത്ത ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് കര്‍ഷക പങ്കാളിത്തത്തോടെ നിരവധി നടപടികള്‍ സ്വീകരിക്കാനാകും. ഡോ. എം.എസ് സ്വാമിനാഥന്‍ തയ്യാറാക്കിയ ഇടുക്കി പാക്കേജില്‍ അതെല്ലാം അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിലൊന്നും താല്പര്യമില്ല പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തില്‍ നിലനില്‍പ്പിനു പൊരുതുന്ന ഇടുക്കിയിലെ കര്‍ഷകരുടെ അവശേഷിക്കുന്ന ഉപജീവന മാര്‍ഗ്ഗങ്ങള്‍ കൂടി തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നീക്കം.