സ്വർണക്കടത്ത് കേസ്; ഒന്നാം പ്രതി സരിത്, സ്വപ്ന രണ്ടാം പ്രതി, എൻ.ഐ.എയുടെ എഫ്.ഐ.ആർ തയ്യാർ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ഐആർ തയ്യാറാക്കി. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

കൊച്ചി സ്വദേശി ഫൈസൽ ഫരീദിനു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് എഫ്ഐആർ പറയുന്നു. ഇയാളാണ് മൂന്നാം പ്രതി. സന്ദീപ് നായർ നാലാംപ്രതി.

നേരത്തേ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. ഇയാൾക്ക് കേസിൽ എന്താണ് പങ്കെന്ന കാര്യത്തിലും വ്യക്തമായി കസ്റ്റംസ് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി.

ഇയാളാണ് സ്വർണം കോൺസുലേറ്റിൻറെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത് മൊഴി നൽകിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

Read more

യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചെലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്.