മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാന്‍, ചിലര്‍ അത് മറന്നു: സമരവേദിയില്‍ ശശി തരൂര്‍

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ തിരുവനന്തപുരം കോര്‍പറേഷനു മുന്നിലെ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂര്‍ എംപി. കത്തു വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അക്കാര്യം മറന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുമ്പോള്‍ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‌യുക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയിലിലായി. മഹിളാ കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂര്‍, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രന്‍ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ ഈ സമരത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതെന്നും ഈ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും തരൂര്‍ അറിയിച്ചു.

തരൂര്‍ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. എന്ത് കുപ്പായം തയ്പ്പിക്കണമെങ്കിലും നാല് വര്‍ഷം സമയമുണ്ടെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കെണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒരു നേതാവിനെയും ഭയപ്പെടേണ്ട. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന്‍ തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.